This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്

കേരളത്തിന്റെ ജൈവവൈവിധ്യ സംരക്ഷണം, ജൈവവിഭവങ്ങളുടെ സുസ്ഥിര ഉപയോഗം, അവ കൊണ്ടുള്ള പ്രയോജനങ്ങളുടെ നീതിപൂര്‍വമായ പങ്കുവയ്ക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി 2002-ലെ കേന്ദ്ര ജൈവവൈവിധ്യ ആക്ട്, 2004-ലെ ജൈവവൈവിധ്യ ചട്ടങ്ങള്‍ എന്നിവ അനുസരിച്ച് കേരളസര്‍ക്കാര്‍ 2005-ല്‍ രൂപീകരിച്ച ഒരു സ്വയംഭരണ സ്ഥാപനം.

2002-ലെ ജൈവവവിധ്യചട്ടമനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുകീഴില്‍ ജൈവവൈവിധ്യപരിപാലന സമിതികള്‍ രൂപീകരിക്കുക, തദ്ദേശവാസികളുടെ കൂടി സഹകരണത്തോടെ ഓരോ തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെയും കീഴിലുള്ള പ്രദേശങ്ങളില്‍ പ്രാദേശികമായി ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കുക, കൃഷിക്ക് ആവശ്യമായ ആവാസവ്യവസ്ഥ നിലനിര്‍ത്തുന്നതിനായി കാര്‍ഷിക ജൈവവൈവിധ്യപരിപാലന പരിപാടികള്‍ സംഘടിപ്പിക്കുക (നിലവില്‍ പാലക്കാട് ജില്ലയിലുള്ള ആലത്തൂര്‍ താലൂക്കിലെ എരിമയ്ക്കൂര്‍ വില്ലേജില്‍ 69 കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള 100 ഏക്കര്‍ നെല്‍പ്പാടത്ത് ജൈവകൃഷി പരീക്ഷിച്ചുവരുന്നു.), തണ്ണീര്‍ത്തടങ്ങളിലെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുക, കേരളത്തിലെ 44 നദികളിലും മത്സ്യവൈവിധ്യത്തെ സംബന്ധിച്ച സര്‍വേ നടത്തുക, ജൈവവൈവിധ്യ പൈതൃക പ്രദേശങ്ങള്‍ കണ്ടെത്തുക (പാതിരാമണല്‍ ഇരിങ്ങാള്‍ കാവ്, കലശമല, കൊണ്ണോളി തേക്ക് പ്ലാന്റേഷന്‍, പാലേരി മൂകാംബികാ കാവ് എന്നിവയാണ് നിലവില്‍ ജൈവപൈതൃക പ്രദേശങ്ങളായി പരിഗണിക്കപ്പെട്ടിട്ടുള്ളത്), സംരക്ഷിത ഇടങ്ങള്‍ക്കുപുറത്തുള്ള പ്രദേശങ്ങളിലെ ജൈവവൈവിധ്യപരിപാലനം ഉറപ്പാക്കുക, അന്തര്‍ദേശീയ ജൈവവൈവിധ്യദിനാചരണം, സലിം അലി ദിനാചരണം, ഭൗമദിനാചരണം, പഞ്ചായത്ത് ദിനാചരണം എന്നിവ സംഘടിപ്പിക്കുക, കുട്ടികളില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനായി ചില്‍ഡ്രന്‍സ് ഇക്കോളജിക്കല്‍ കോണ്‍ഗ്രസ്, മാധ്യമങ്ങള്‍, നീതിപീഠം, അധ്യാപകര്‍, സെക്രട്ടേറിയറ്റ് ജീവനക്കാര്‍, സര്‍ക്കാരിതര സന്നദ്ധസംഘടനകള്‍ എന്നിവയ്ക്കായുള്ള പരിസ്ഥിതിബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നിവയ്ക്കുപുറമേ ജനിതകവിളകളെ സംബന്ധിച്ച് ദേശീയ സെമിനാറുകള്‍ തുടങ്ങിയവയും ജൈവവൈവിധ്യബോര്‍ഡ് നടത്തിവരുന്നു.

ജൈവവൈവിധ്യപരിപാലനം, ജൈവവൈവിധ്യ പഠനസഹായം, കേരളത്തിലെ കാര്‍ഷിക ജൈവവൈവിധ്യം, കേരളത്തിലെ വൃക്ഷങ്ങള്‍, കേരളത്തിലെ തണ്ണീര്‍ത്തടങ്ങള്‍: സംരക്ഷണവും പരിപാലനവും, ഉള്‍നാടന്‍ മത്സ്യബന്ധനം, കേരളത്തിലെ കൂണുകള്‍, കേരളത്തിലെ സമുദ്രജീവികള്‍ തുടങ്ങിയ കൈപ്പുസ്തകങ്ങളും ബോര്‍ഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിലെ ജൈവവൈവിധ്യത്തെ സംബന്ധിച്ചുള്ള വാര്‍ഷികറിപ്പോര്‍ട്ടും വാര്‍ത്താപത്രികയും പ്രസിദ്ധീകരിക്കുന്നു. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍, ഉദ്ദേശ്യലക്ഷ്യങ്ങള്‍, കര്‍മപരിപാടികള്‍, പ്രസിദ്ധീകരണങ്ങള്‍, ചിത്രങ്ങള്‍, ഡൗണ്‍ ലോഡ് ചെയ്യാവുന്ന അപൂര്‍വ രേഖകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിജ്ഞാനപ്രദമായ ഒരു വെബ്സൈറ്റും (www.keralabiodiversity.org) പ്രവര്‍ത്തനക്ഷമമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍